നവജാത ശിശുവിനെ വിറ്റ സംഭവം; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
Monday, September 2, 2024 4:44 PM IST
ആലപ്പുഴ: നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ അമ്മയേയും സുഹൃത്തിനെയും ചേർത്തല പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ കൈമാറിയത് നിയവിരുദ്ധമായിട്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.
രണ്ടു ദിവസത്തിനുള്ളിൽ കുഞ്ഞിനെ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും സിഡബ്ല്യുസി വ്യക്തമാക്കി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ കൂടെ നിന്നത് വാടകയ്ക്ക് നിര്‍ത്തിയ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല.
സാമ്പത്തിക പ്രശ്നം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി പറഞ്ഞതായി പഞ്ചായത്ത് അംഗം പറഞ്ഞു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്.
പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാൻ തയാറായില്ല. ഇതോടെയാണ് കുഞ്ഞിനെ ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.