മണിപ്പുരിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു
Monday, September 2, 2024 12:45 AM IST
ഇംഫാല്‍: മണിപ്പുരിൽ വീണ്ടും സംഘർഷം രൂക്ഷമായി. വെടിവയ്പിലും സ്ഫോടനത്തിലുമായി സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര് മരിച്ചു. കൊല്ലപ്പെട്ട സ്ത്രീയുടെ 12 വയസുകാരിയായ മകള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പോലീസുകാരും ഒരു മാധ്യമ പ്രവർത്തകനും കൂടി ഉൾപ്പെടുന്നു.
കുക്കി വിമതരെന്നു സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു. ഇംഫാലിലെ പടിഞ്ഞാറ് മേഖലയിലാണ് ഞായറാഴ്ച സംഘർഷമുണ്ടായത്.
ഗന്‍ബം സുര്‍ബല എന്ന മുപ്പത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇവരെ അധികൃതര്‍ തിരിച്ചറിഞ്ഞു. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം.
ഗ്രാമത്തിലെ വീടുകള്‍ അഗ്നിക്കിരയായിട്ടുണ്ട്. നിരവധി ഗ്രാമീണരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അക്രമികള്‍ ഒളിഞ്ഞിരുന്നാണ് വെടിയുതിർത്തത്. ഡ്രോണ്‍ ഉപയോഗിച്ച് ജനവാസ കേന്ദ്രത്തില്‍ ബോംബുകളും വര്‍ഷിച്ചു.
ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി ഏഴര വരെയായി അഞ്ചര മണിക്കൂര്‍ അക്രമം നീണ്ടു. മെയ്ത്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാരണം 2023 മുതൽ സംഘര്ഷകലുഷിതമാണ് മണിപ്പുര്‍.