സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി
Sunday, September 1, 2024 10:15 PM IST
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ അതി രൂക്ഷ വിമര്‍ശനവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു . സ്ത്രീകളെ അപമാനിച്ചവര്‍ മാന്യന്മാരായി സമൂഹത്തില്‍ വിലസുന്നുവെന്നും ഇത് ഏറ്റവും ദു8ഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. മറുവശത്ത് ഇരകള്‍ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു.
ഈ സാഹചര്യം മാറണമെന്നും അതിനായി സര്‍ക്കാരും നിയമ സംവിധാനവും പൊലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുര്‍മ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസവും രാഷ്ട്രപതി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി, സത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയിടുമെന്നും കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഓഗസ്റ്റ് 28 ന് വാര്‍ത്താ ഏജന്‍സിക്ക് നല്കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്.
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയര്‍ച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കോല്‍ക്കത്തയിലെ ആര് ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദ്രൗപതി മുര്‍മു പ്രതികരിച്ചത്.
സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലര്‍ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിമര്‍ശനം കടുപ്പിച്ച് രാഷ്ട്രപതി രംഗത്തെത്തിയത്.