പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പീഡനാരോപണം വ്യാജമെന്ന് നടൻ ജയസൂര്യ
Sunday, September 1, 2024 6:10 AM IST
കൊച്ചി: തനിക്ക് നേരെയുണ്ടായ പീഡനാരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടൻ ജയസൂര്യ. പീഡനാരോപണം തന്നെ തകർത്തുവെന്നും കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയസൂര്യ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് നിയമവിദഗ്ദരുമായി കൂടിയാലോചിച്ചുവെന്നും ഇനിയുള്ള കാര്യങ്ങൾ അവർ തീരുമാനിക്കുമെന്നും ജയസൂര്യ വിശദീകരിക്കുന്നു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജപീഡനാരോപണമെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ജയസൂര്യ കുറിച്ചു.
ഒരുമാസത്തോളമായി വ്യക്തിപരമായ കാര്യങ്ങളുമായി അമേരിക്കയിലാണ്. ഇവിടുത്തെ ജോലി പൂർത്തിയാക്കിയാൽ ഉടൻ നാട്ടിലേക്ക് മടങ്ങിയെത്തും. നിരപരാധിത്വം തെളിയിക്കാൻ നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥിതിയിൽ പൂർണമായും വിശ്വാസമുണ്ടെന്നും ജയസൂര്യ വ്യക്തമാക്കുന്നു.
"പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ' മാത്രം എന്ന് കുറിച്ചാണ് ജയസൂര്യ വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നത്.