ഡ്യൂറന്‍ഡ് കപ്പ്: ഷൂട്ടൗട്ടിൽ മോഹൻ ബഗാനെ വീഴ്ത്തി; നോര്‍ത്ത് ഈസ്റ്റ് ചാമ്പ്യൻമാർ
Saturday, August 31, 2024 11:11 PM IST
കോല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്. കലാശപ്പോരില്‍ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (4-3) നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
ഷൂട്ടൗട്ടില്‍ ബഗാന് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്പി. മത്സരത്തിന്റെ ആദ്യ പകുതിയിൽ മോഹൻ ബഗാന്റെ ആധിപത്യമായിരുന്നു കണ്ടത്. 11-ാം മിനിറ്റിൽ തന്നെ ബഗാൻ മുന്നിലെത്തി.
മലയാളി താരം സഹൽ അബ്ദുൾ സമദിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ജേസൺ കമ്മിംഗ്സ് വലയിലാക്കി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ബഗാൻ ലീഡ് വീണ്ടും ഉയർത്തി. ലിസ്റ്റണ്‍ കൊളാസോയുടെ അസിസ്റ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദാണ് പന്ത് വലയിലാക്കിയത്.
55-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ആദ്യ ഗോൾ നേടി. മിനിറ്റുകൾക്കുള്ളിൽ മത്സരം സമനിലയിലായി. 58-ാം മിനിറ്റിൽ ഗില്ലെർമോ ഫെർണാണ്ടസിന്റെ തകർപ്പൻ ഫിനിഷാണ് ഗോളിന് വഴിയൊരുക്കിയത്.
മോഹൻ ബഗാനായി കിക്കെടുത്ത ക്യാപ്റ്റൻ സുഭാശിഷ് ബോസ്, ലിസ്റ്റിൻ കൊളാസോ എന്നിവരുടെ കിക്കുകൾ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ രക്ഷപ്പെടുത്തിയതാണ് നിർണായകമായത്. മോഹൻ ബഗാനായി കിക്കെടുത്തവരിൽ ജേസൺ കുമ്മിങ്സ്, മൻവീർ സിംഗ്, പെട്രാറ്റോസ് എന്നിവർക്കു മാത്രമാണ് ലക്ഷ്യം കാണാനായത്.
മറുവശത്ത് നോർത്ത് ഈസ്റ്റിനായി കിക്കെടുത്ത ഗില്ലെർമോ, മൈക്കൽ സബാക്കോ, പ്രതിബ്, അലെയ്ദീൻ അയാറെ എന്നിവരെല്ലാം ലക്ഷ്യം കണ്ടു. മോഹൻ ബഗാനായി അവസാന കിക്കെടുത്ത സുഭാശിഷ് ബോസിനു പിഴച്ചതോടെ നോർത്ത് ഈസ്റ്റ് കിരീടത്തിൽ മുത്തമിട്ടു.