നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്: മന്ത്രി റിയാസ്
Saturday, August 31, 2024 5:03 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും മന്ത്രി വ്യക്തമാക്കി.
വള്ളംകളി സംഘടിപ്പിക്കുമ്പോൾ എല്ലാവിധ സഹകരണങ്ങളും ടൂറിസം വകുപ്പ് നൽകും. ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നൽകുന്നതെന്നും റിയാസ് അറിയിച്ചു.
നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.