കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; നിരവധി പേർക്ക് പരിക്ക്
Saturday, August 31, 2024 2:49 PM IST
കൊല്ലം: എം.മുകേഷിന്റെ എംഎല്‍എ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പോലീസ് ലാത്തിചാര്‍ജില്‍ വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ചിലരുടെ തലയ്ക്ക് അടക്കം പൊട്ടലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബലാത്സംഗക്കേസില്‍ പ്രതിയായ മുകേഷ് എംഎൽ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
ഓഫീസിന് നൂറ് മീറ്റര്‍ അകലെവച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ കൈയാങ്കളി ഉണ്ടായി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
പുരുഷ പോലീസ് വനിതാ പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.