മുകേഷ് രണ്ട് ദിവസത്തിനകം രാജിവയ്ക്കണം, അല്ലാത്തപക്ഷം എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കും: കെ. അജിത
Saturday, August 31, 2024 11:10 AM IST
കോഴിക്കോട്: ലൈംഗികാതിക്രമ കേസിലുള്‍പ്പെട്ട നടനും എംഎല്‍എയുമായ എം. മുകേഷ് രാജിവയ്ക്കണമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. അദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എകെജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന നിലപാട്. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുത്. മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്തു തുടര്‍ന്നല്ലോ എന്ന ന്യായീകരണം ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ആരോപണം ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍നിന്ന് പുറത്തുപോകുന്ന കീഴ് വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് തെളിഞ്ഞാല്‍ പുറത്തുപോവാമെന്നായി മാറി. അത് മാറ്റണം. ആരോപണം നേരിടുന്നവര്‍ പുറത്തുപോകണം.
മുകേഷിന്റെ രാജി ആവശ്യപ്പെട്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മ സിപിഎം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് കത്തയച്ചതായും അജിത അറിയിച്ചു.