ഡ്രഡ്ജർ ഉടനെത്തും; അർജുനായുള്ള തെരച്ചിൽ അടുത്തയാഴ്ച പുനരാരംഭിക്കും
Friday, August 30, 2024 5:39 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനായുള്ള തെരച്ചിൽ അടുത്തയാഴ്ച പുനരാരംഭിക്കും. ഡ്രഡ്ജർ ഉടൻ ഗോവയിൽ നിന്ന് എത്തും. ഡ്രഡ്ജർ കമ്പനിയും ഉത്തരകന്നഡ ജില്ലാ ഭരണകൂടവും വെള്ളിയാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ അടുത്താഴ്ച പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. നിലവിലെ കാലാവസ്ഥ ഡ്രഡ്ജിംഗ് നടത്തുന്നതിന് അനുകൂലമല്ലെന്നും മറ്റു പരിശോധനകളെല്ലാം പൂർത്തിയായെന്നും ഡ്രഡ്ജിംഗ് കമ്പനി അറിയിച്ചു. കടലിലൂടെയും പുഴയിലൂടെയും ഡ്രഡ്ജർ എത്തിക്കാനുള്ള സാഹചര്യം നിലവിലില്ല.
അടുത്ത ആഴ്ചയോടെ സാഹചര്യം അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി എംഡി പറഞ്ഞു. വ്യാഴാഴ്ച നാവികസേന ഗംഗാവലി പുഴയിൽ നടത്തിയ പരിശോധയിൽ വെള്ളത്തിന്റെ ഒഴുക്ക് കൂടിയതായി കണ്ടെത്തിയിരുന്നു. പ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ അടിയൊഴുക്ക് കൂടിയിട്ടുണ്ട്.
ഉത്തര കന്നഡ ജില്ലയിൽ ഈ ആഴ്ചയും അടുത്ത ആഴ്ചയും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പും ഉണ്ട്. കഴിഞ്ഞദിവസം അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.