മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ഷംഷാബാദ് രൂപതാധ്യക്ഷൻ
Friday, August 30, 2024 3:58 PM IST
കൊച്ചി: തെലുങ്കാനയിലെ സീറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിയമിതനായി. നിലവിൽ തെലുങ്കാന അദിലാബാദ് രൂപതാധ്യക്ഷനാണ്.
1976 മേയ് 13ന് തൃശൂരിലാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിഎംഐ സഭയിൽ വൈദികപഠനം ആരംഭിച്ചു.
ബംഗളൂരു ധർമാരം വിദ്യാക്ഷേത്രം (1998-2001), കൽക്കട്ട സർവകലാശാല (2001-2003), ഉജ്ജയിനിലെ റുഹാലയ മേജർ സെമിനാരി (2003-2007) എന്നിവയിലെ തുടർന്നുള്ള പഠനങ്ങൾക്കും ബിരുദത്തിനും ശേഷം 2007 ഏപ്രിൽ 25ന് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് അദിലാബാദ് രൂപതയ്ക്കു വേണ്ടി സേവനമനുഷ്ഠിച്ചു.
തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഉർബാനിയാന സർവകലാശാലയിൽ നിന്ന് ബിബ്ളിക്കൽ സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയതിനു ശേഷം അദിലാബാദിലെ ഹോളി ഫാമിലി കത്തീഡ്രലിൽ സഹവികാരിയായും സാലിഗാവോയിലെ മിഷൻ സ്റ്റേഷന്റെ ചുമതലയുള്ള വൈദികനായും അജപാലന പ്രവർത്തനങ്ങൾ തുടർന്നു.
2015 ഓഗസ്റ്റ് ആറിന് അദിലാബാദ് രൂപതയുടെ ദ്വിതീയ മെത്രാനായി ഫ്രാൻസിസ് മാർപാപ്പ മാർ ആന്റണി പ്രിൻസ് പാണേങ്ങാടനെ നിയമിച്ചു. 2015 ഒക്ടോബർ 29ന് മേജർ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരി അദ്ദേഹത്തെ മെത്രാനായി വാഴിച്ചു.