കോളജിലെ വനിതാ ഹോസ്റ്റലിൽ ഒളികാമറ, ദൃശ്യങ്ങൾ വിറ്റു; ബിടെക് വിദ്യാർഥി അറസ്റ്റിൽ
Friday, August 30, 2024 1:33 PM IST
അമരാവതി: ആന്ധ്രാപ്രദേശിൽ എൻജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർഥി അറസ്റ്റിൽ. കൃഷ്ണന് ജില്ലയിലെ എസ്ആര്‍ ഗുഡ്ലവല്ലെരു എൻജിനിയറിംഗ് കോളജിലാണ് സംഭവം.
ബിടെക് അവസാന വര്‍ഷ വിദ്യാർഥിയായ വിജയ് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ ലാപ്ടോപും പോലീസ് കണ്ടുകെട്ടി. ഒളികാമറയിലൂടെ റെക്കോര്‍ഡ് ചെയ്ത വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ വിജയ് സഹപാഠികൾ ഉൾപ്പെടെ പലർക്കും വിറ്റതായും പോലീസ് പറഞ്ഞു. ഏകദേശം 300 ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരമാണ് ശുചിമുറിയിലെ ഒളികാമറ വിദ്യാർഥിനികളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം ഏഴിന് ആരംഭിച്ച വിദ്യാർഥിപ്രതിഷേധം ഇന്നുരാവിലെ വരെ നീണ്ടു. "ഞങ്ങൾക്ക് നീതി വേണം" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഹോസ്റ്റലിലെ ശുചിമുറിയിൽ പോവാൻ പോലും ഭയമാണെന്ന് വിദ്യാർഥിനികൾ പറഞ്ഞു.
പ്രതിഷേധങ്ങൾക്കു പിന്നാലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് വിജയ് കുമാറിനെ പോലീസ് പിടികൂടുകയായിരുന്നു. എങ്ങനെയാണ് പ്രതി വനിതാ ഹോസ്റ്റലിൽ ഒളികാമറ സ്ഥാപിച്ചത് എന്നതിനെ കുറിച്ചും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.