പ്രസവശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ച; വനിതാ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
Friday, August 30, 2024 11:35 AM IST
ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. വനിതാ ഡോക്ടറായ ജയിന് ജേക്കബിനെതിരെയാണ് കേസെടുത്തത്.
ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28 വയസുകാരിക്കാണ് ദുരനുഭവം ഉണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു.
പിന്നീട് രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജൂലൈ 23നാണ് യുവതി ആശുപത്രിയിൽ എത്തിയത്. പ്രസവശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോൾ ശരീരമാസകലം നീർക്കെട്ട് വന്നതോടെ ഇവരെ തുടർചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് വയറ്റിൽ പഞ്ഞിക്കെട്ട് കിടക്കുന്നതായി കണ്ടെത്തിയത്.