പെൺകുട്ടിയെ ശല്യം ചെയ്തതിനെ വഴക്കുപറഞ്ഞു; യുവാവിനെ വിദ്യാർഥികൾ കൊന്നു
Friday, August 30, 2024 5:17 AM IST
ഭുവനേശ്വർ: പെൺകുട്ടിയെ ശല്യം ചെയ്തതിന് വഴക്കു പറഞ്ഞതിൽ കലിപൂണ്ട വിദ്യാർഥികൾ യുവാവിനെ വെട്ടിക്കൊന്നു. ഒഡീഷയിലെ ഭുവനേശ്വറിലെ ഖണ്ഡഗിരി പോലീസ് സ്റ്റേഷൻ പരിധിയിലെ രഘുനാഥ് നഗറിലാണ് സംഭവം.
മുഖ്യപ്രതി ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭുവനേശ്വറിലെ പ്രാദേശിക കോളജിലെ 12-ാം ക്ലാസ് വിദ്യാർഥിയാണ് പ്രതി. രഘുനാഥ് നഗർ ഏരിയയിലെ സുക വിഹാറിലെ ജഗ എന്ന ജഗത് മല്ലിക്(30) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്.
കട്ടക്കിൽ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളുടെ വാഹനം പ്രതികൾ വീടിന് അടുത്ത് വച്ച് തടഞ്ഞു. തുടർന്ന് പ്രതികളും മല്ലിക്കും തമ്മിൽ വാക്കേറ്റമുണ്ടായി.
തുടർന്ന് ഇവർ മല്ലിക്കിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വഴിയിൽ കിടന്ന ഇയാൾ ചോരവാർന്ന് ആണ് മരിച്ചത്. മല്ലിക്കിനെ ഭുവനേശ്വറിലെ എയിംസിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.