ലൈംഗിക അതിക്രമം; സംവിധായകൻ വി.കെ.പ്രകാശിനെതിരെ കേസെടുത്തു
Thursday, August 29, 2024 10:05 PM IST
കൊല്ലം: യുവ എഴുത്തുകാരിയുടെ പരാതിയിൽ സംവിധായകൻ വി.കെ.പ്രകാശിനെതിരെ പോലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയെടുത്തതിനു പിന്നാലെ 354 എ വകുപ്പ് പ്രകാരമാണ് കൊല്ലം പള്ളിത്തോട്ടം പോലീസ് കേസെടുത്തത്.
കഥ സിനിമയാക്കാമെന്നു പറഞ്ഞ് കൊല്ലത്തെ ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ഈ സംഭവം പുറത്തുപറയാതിരിക്കാൻ അദ്ദേഹം 10,000 രൂപ അയച്ചുതന്നുവെന്നും അവർ പറഞ്ഞിരുന്നു.
വി.കെ.പ്രകാശ് തന്നെ ഉപദ്രവിച്ച കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തിന് അവർ തിങ്കളാഴ്ച പരാതി നൽകിയിരുന്നു. തുടർന്ന് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥ വ്യാഴാഴ്ച കൊല്ലത്തെത്തിയാണ് യുവതിയുടെ മൊഴിയെടുത്തത്.
മൊഴിയെടുപ്പ് പൂർത്തായ ഉടൻ പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ വിവര റിപ്പോർട്ട് വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.