എവിടെ മുകേഷ്..? തെരഞ്ഞ് മാധ്യമപ്പട
Thursday, August 29, 2024 6:44 PM IST
തിരുവനന്തപുരം: നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിനെത്തുടർന്നു പ്രതികരണത്തിനായി എത്തിയ മാധ്യമ സംഘത്തിന് നടനും എംഎൽഎയുമായ മുകേഷിനെ കണ്ടെത്താനായില്ല. അറസ്റ്റ് സെപ്റ്റംബർ മൂന്ന് വരെ തടഞ്ഞുള്ള എറണാകുളം സെഷൻസ് കോടതി വിധി വന്നിട്ടും മുകേഷ് പ്രതികരണത്തിന് തയാറായിട്ടില്ല.
കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷ് രാജിവയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പ്രതികരണത്തിനായാണ് മാധ്യമപ്പട രാവിലെ മുതൽ അദ്ദേഹത്തിന് വീടിനു മുന്നിൽ തന്പടിച്ചത്. എന്നാൽ വീട്ടിൽ അദ്ദേഹമുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ആർക്കും വ്യക്തത ഇല്ലായിരുന്നു. പോലീസിൽ അന്വേഷിച്ചപ്പോൾ പോലും അവർക്കും കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല.
രാവിലെ എട്ട് മുതൽ തന്നെ മാധ്യമങ്ങൾ വീടിനു മുന്നിൽ ഉണ്ടായിരുന്നു. ആരും വീടിനു പുറത്തേക്കു വന്നില്ല. അതേസമയം മുകേഷിന്റെ ബിഎംഡബ്ലിയു കാർ പോർച്ചിൽ ഉണ്ടായിരുന്നു. കൊല്ലം ആനന്ദവല്ലീശ്വരത്തുള്ള മുകേഷിന്റെ ഓഫീസും അടഞ്ഞുകിടക്കുകയായിരുന്നു.
അതേസമയം തിരുവനന്തപുരത്തെ മുകേഷിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുകൾ ഉണ്ടാകാനുള്ള സാധ്യതകൾ കണക്കിലെടുത്ത് മെഡിക്കൽ കോളജ് പോലീസ് വീടിനു സുരക്ഷ ഏർപ്പെടുത്തി. ആരോപണം ഉയർന്നശേഷം മുകേഷ് ഇതുവരെ മാധ്യമങ്ങളോടു നേരിട്ടു പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ ഒരു പ്രതികരണം മാത്രമാണുണ്ടായത്.