പുതിയ ക്യാപ്സൂൾ എത്തി; മുകേഷ് അംഗമായത് നയരൂപീകരണ കമ്മിറ്റിയിൽ അല്ല: സജി ചെറിയാൻ
Thursday, August 29, 2024 6:43 PM IST
തിരുവനന്തപുരം: മുകേഷ് അംഗമായ കമ്മിറ്റി സിനിമാ നയരൂപീകരണ കമ്മിറ്റി അല്ലെന്ന് മന്ത്രി സജി ചെറിയാൻ.11 പേരുള്ള കമ്മിറ്റിക്ക് പ്രാഥമിക രൂപം തയാറാക്കാനുള്ള ചുമതല മാത്രമാണ് ഈ കമ്മിറ്റിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
സിനിമാനയം രൂപീകരിക്കേണ്ടത് സർക്കാരും മന്ത്രിസഭയുമാണ്. മുകേഷിന്റെ രാജ്യക്കാര്യത്തിൽ നോ കമന്റ്സ് എന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ ഇറങ്ങുന്ന സംസ്ഥാനമാണ് കേരളം.
സര്‍ക്കാരിന്റെ ഇടപെടല്‍ കൊണ്ട് സിനിമാ മേഖലയില്‍ അടിമുടി മാറ്റമുണ്ടായി. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്കുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും സജി ചെറിയാന് പറഞ്ഞു.
അതേ സമയം മുകേഷിനെതിരായി നടി ഉന്നയിച്ച ആരോപണങ്ങൾ സംശയാസ്പദമാണെന്ന് അഭിഭാഷകൻ ജോ പോൾ പറഞ്ഞു. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. അതിനുള്ള ഇലക്ട്രോണിക് തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും മുകേഷിന്റെ അഭിഭാഷകനായ ജോ പോൾ പറഞ്ഞു.
നിയമനടപടികളുമായി മുകേഷ് സഹകരിക്കുമെന്നും അടിയന്തര അറസ്റ്റിനുള്ള സാഹചര്യമില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്. ഒളിച്ചോടുന്ന ആള് അല്ല. പ്രതിഷേധം കാരണം നേരിട്ടെത്തി തെളിവുകൾ കൈമാറാൻ പറ്റാത്ത അവസ്ഥയിലാണ്.
അദ്ദേഹം എവിടെയും ഒളിച്ചോടിയിട്ടില്ല. 15 വര്‍ഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ആരോപണം. ബ്ലാക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ജോ പോൾ പറഞ്ഞു.ലൈംഗിക പീഡന കേസിൽ സെപ്റ്റംബർ മൂന്ന് വരെ മുകേഷിന്റെ അറസ്റ്റ് തടഞ്ഞു.