പെൻഷൻ കിട്ടാതെ കെഎസ്ആർടിസിയിൽ ഇനി ആരും ആത്മഹത്യ ചെയ്യരുത്: ഹൈക്കോടതി
Thursday, August 29, 2024 5:00 PM IST
കൊച്ചി: കെഎസ്ആർടിസിയിൽ പെന്ഷൻ മുടങ്ങിയതിന്റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി. കെഎസ്ആർടിസി പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓണമാണ് വരുന്നതെന്നും സെപ്റ്റംബറിലെ പെന്ഷൻ നല്കാൻ വൈകരുതെന്നും കൃത്യമായി കൊടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ജൂലൈ മാസത്തെ പെന്ഷൻ കൊടുത്തുവെന്നും ഓഗസ്റ്റിലെ പെന്ഷൻ ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസിയ്ക്ക് 72 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബുധനാഴ്ച അറിയിച്ചിരുന്നു. പെന്ഷന് വിതരണത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് പണം നല്‍കിയത്.