ബിജെപി വിട്ടുനിന്നു, ക്വാറം തികഞ്ഞില്ല; കോട്ടയം നഗരസഭയില്‍ അവിശ്വാസനീക്കം പരാജയപ്പെട്ടു
Thursday, August 29, 2024 12:28 PM IST
കോട്ടയം: കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍ഡിഎഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനെത്തുടര്ന്നു ചര്‍ച്ചയ്ക്കെടുത്തില്ല. ഇന്നു രാവിലെ ഒമ്പതിനാണ് അവിശ്വാസം ചര്ച്ചയ്ക്കെടുക്കാനായി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.
ഭരണപക്ഷമായ യുഡിഎഫും എട്ട് ബിജെപി അംഗങ്ങളം ഹാജരായില്ല. ഇതോടെ ക്വാറം തികയാത്തതിനാല്‍ അവിശ്വാസം ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് വരണാധികാരി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ലമന്റ് അറിയിച്ചു.
27 പേര് ഹാജരായാല്‍ മാത്രമേ ക്വാറം തികയുകയുള്ളു. പ്രതിപക്ഷത്തെ 22 പേര്‍ക്കൊപ്പം ബിജെപിയുടെ എട്ടു കൗണ്‍സിലര്‍മാര്‍ കൂടി ഹാജരായെങ്കില്‍ ക്വാറം തികയുമായിരുന്നു. എന്നാല്‍ അവിശ്വാസത്തില്‍ നിന്നു ബിജെപി അംഗങ്ങള്‍ വിട്ടുനിൽക്കുകയായിരുന്നു. ബിജെപി ജില്ലാനേതൃത്വം ഇതു സംബന്ധിച്ച് കൗണ്‍സിലര്‍മാര്‍ക്ക് ബുധനാഴ്ച വിപ്പ് നല്‍കിയിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയര്മാന് ബി. ഗോപകുമാറിനെതിരേയുള്ള അവിശ്വാസം ചര്‍ച്ച ചെയ്യാനായി കൗണ്‍സില്‍ യോഗം ചേരും. യുഡിഎഫും ബിജെപിയും ഉച്ചകഴിഞ്ഞും യോഗത്തിനെത്തില്ല. ഇതോടെ ക്വാറം തികയാതെ അവിശ്വാസം ചര്‍ച്ച ചെയ്യാനാകാതെ കൗണ്‍സില്‍ യോഗം പിരിച്ചുവിടാനാണു സാധ്യത.
നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന് പെന്ഷന് തുക മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തുന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഷീജ അനിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്22, യുഡിഎഫ് 21, ബിജെപിഎട്ട്, സ്വതന്ത്രഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷസ്ഥാനത്തെത്തിയത്.