വിദ്യാർഥിനികളോട് മോശം പെരുമാറ്റം, അധ്യാപകനെ മർദിച്ച് ജനക്കൂട്ടം
Thursday, August 29, 2024 6:25 AM IST
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ട്യൂഷൻ അധ്യാപകനെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്തു.
ഇയാളുടെ ട്യൂഷൻ ക്ലാസിൽ പോകാൻ 13 വയസുകാരി വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ കാരണം അന്വേഷിച്ചപ്പോൾ ട്യൂഷൻ ടീച്ചറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് കുട്ടി പറഞ്ഞു.
കോപാകുലരായ പെൺകുട്ടിയുടെ മാതാപിതാക്കളും മറ്റ് ആളുകളും അധ്യാപകനെ മർദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തു. മറ്റ് പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു.
ജനക്കൂട്ടം അധ്യാപികനെ പോലീസിന് കൈമാറിയതായും അവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും വിരാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വിജയ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്യൂഷൻ അധ്യാപകനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.