ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ; അഞ്ച് സിംഹങ്ങൾ രക്ഷപെട്ടു
Thursday, August 29, 2024 4:48 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ചതിനാൽ റെയിൽലേ ട്രാക്കിൽ നിന്നിരുന്ന അഞ്ച് സിംഹങ്ങൾ രക്ഷപെട്ടു.
അമ്രേലി ജില്ലയിലാണ് സംഭവം. ഗിർ വനത്തിലെ പിപാവാവ്-റജുല സെക്ഷനിൽ പുലർച്ചെ 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പശ്ചിമ റെയിൽവേയുടെ ഭാവ്നഗർ ഡിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
ലോക്കോ പൈലറ്റ് ഭൂപേന്ദ്ര മീണയാണ് ഗുഡ്സ് ട്രെയിൻ നിയന്ത്രിച്ചിരുന്നത്. സിംഹങ്ങളുടെയും മറ്റും സുരക്ഷ ഉറപ്പാക്കാൻ അവിടെ വിന്യസിച്ചിരിക്കുന്ന വനംവകുപ്പ് ട്രാക്കർമാർ ടോർച്ച് വെളിച്ചത്തിൽ ട്രാക്കിൽ സിംഹങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന് ഭൂപേന്ദ്ര മീണയെ അറിയിച്ചു.
വിവരം മനസിലാക്കി ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ച് ട്രെയിൻ നിർത്തി. ഈ സമയം സിംഹങ്ങൾ പാളത്തിൽ നിന്ന് മാറിപ്പോയി. തുടർന്നാണ് ട്രെയിൻ യാത്ര തുടർന്നത്. ഗുജറാത്തിൽ ഈ മാസം ലോക്കോ പൈലറ്റുമാർ സിംഹങ്ങളുടെ ജീവൻ രക്ഷിക്കുന്ന രണ്ടാമത്തെ സംഭവമാണിത്.
ഓഗസ്റ്റ് 19 ന്, പിപാവാവിനും റജുലയ്ക്കും ഇടയിൽ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രണ്ട് സിംഹങ്ങൾ രക്ഷപെട്ടിരുന്നു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി പിപാവാവ് തുറമുഖത്തെ വടക്കൻ ഗുജറാത്തുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിൽ നിരവധി സിംഹങ്ങൾ ട്രെയിനിടിച്ച് ചത്തുപോവുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.
2024 ഏപ്രിൽ മുതൽ ഭാവ്നഗർ റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റുമാർ 60 സിംഹങ്ങളുടെ ജീവൻ രക്ഷിച്ചതായാണ് റിപ്പോർട്ട്.