മുകേഷിനെതിരേ നടപടിയെടുത്ത് സർക്കാർ ആത്മാർഥത കാട്ടണം: സുരേന്ദ്രൻ
Thursday, August 29, 2024 3:49 AM IST
കോന്നി: ഗുരുതരമായ ആരോപണം നേരിടുന്ന മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്നതിലൂടെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന് ഒരു ആത്മാർഥതയും ഇല്ലെന്നു വ്യക്തമാകുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
കോന്നിയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മറ്റി റിപ്പോർട്ടിൽ നടപടി എടുക്കുന്നുണ്ടെങ്കിൽ കൊല്ലം എംഎൽഎ മുകേഷിന്റെ രാജി ആവശ്യപ്പെടുകയാണ് ആദ്യം വേണ്ടത്.
ചലച്ചിത്ര മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആർക്കെതിരേയും ഒരു നടപടിക്കും ഈ സർക്കാർ തയാറാകുമെന്നു തോന്നുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.