ഹോപ്പിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര തൂത്തുവാരി വിൻഡീസ്
Wednesday, August 28, 2024 1:27 PM IST
ട്രിനിഡാഡ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്. മൂന്നാം മത്സരത്തിൽ എട്ടുവിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. മഴ കാരണം കളി 13 ഓവര്‍ വീതമായി വെട്ടിച്ചുരുക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക13 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസ് 9.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര വിന്‍ഡീസ് 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം ഏഴ് വിക്കറ്റിനും രണ്ടാം മത്സരം 30 റണ്‍സിനും വിജയിച്ച വിന്‍ഡീസ് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
തരൂബയിലെ ബ്രയാന്‍ ലാറ അക്കാദമിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 23 റണ്‍സെടുത്ത് നില്‍ക്കുമ്പോഴാണ് മഴ കളിമുടക്കിയത്. തുടര്‍ന്ന് 13 ഓവറാക്കി മത്സരം വെട്ടിക്കുറച്ചു.
15 പന്തില്‍ 40 റണ്‍സെടുത്ത സ്റ്റബ്സ്, 12 പന്തില്‍ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, 24 പന്തില്‍ 27 റണ്‍സെടുത്ത റയാന് റിക്കിള്ട്ടൺ എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്‍കാനായില്ല. വിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന്റെ തുടക്കവും മോശമായിരുന്നു. നാലാം പന്തില്‍ തന്നെ ഓപ്പണര്‍ അലിക് അത്തനാസെയെ (ഒന്ന്) വിന്‍ഡീസിന് നഷ്ടമായി. തുടർന്ന് നിക്കോളാസ് പുരാനും ഷായ് ഹോപ്പും ചേർന്ന് അതിവേഗം സ്കോർ ഉയർത്തി. പുരാന് രണ്ട് ഫോറും നാലു സിക്സും പറത്തിയപ്പോള്‍ ഹോപ്പ് ഒരു ഫോറും നാലു സിക്സും പറത്തി.
13 പന്തില്‍ 35 റണ്‍സെടുത്ത പുരാൻ നാലാമോവറിൽ പുറത്താവുമ്പോള്‍ വിന്‍ഡീസ് സ്കോര്‍ 60 റണ്‍സിലെത്തിയിരുന്നു. പിന്നാലെയെത്തിയ ഷിമ്രോണ്‍ ഹെറ്റ്മെയറും തകര്‍ത്തടിച്ചു. 17 പന്തില്‍ 31 റണ്‍സെടുത്ത ഹെറ്റ്മെയറും 24 പന്തിൽ 42 റൺസെടുത്ത ഷായ് ഹോപ്പും പുറത്താകാതെ നിന്ന് വിൻഡീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.