കണ്ണൂരിൽ പ്ലൈവുഡ് കന്പനിയിൽ വൻ തീപിടിത്തം; പ്ലൈവുഡുകളും യന്ത്രഭാഗങ്ങളും കത്തിനശിച്ചു
Wednesday, August 28, 2024 11:47 AM IST
പഴയങ്ങാടി: കണ്ണപുരം അയ്യോത്ത് പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. സി. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ ഇന്നു പുലർച്ച 5.15 ഓടെയാണ് തീപിടിത്തമുണ്ടായത്.
പ്ലൈവുഡുകളും അസംസ്കൃത വസ്തുക്കളും യന്ത്രഭാഗങ്ങളും കത്തി നശിച്ചു. പ്ലൈവുഡ് നിർമാണത്തിനുപയോഗിക്കുന്ന സീസണിംഗ് ചേംബറിലുണ്ടായ തീപിടിത്തം മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. താപനില ക്രമീകരിക്കുന്ന സംവിധാനത്തിന്റെ തകരാർ കാരണം സീസണിംഗ് ചേംബറിലെ താപനില ഉയർന്നതാകാം തീപിടിത്തിനിടയാക്കിയതെന്ന് കരുതുന്നു.
തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ പോലീസിലും ഫയർഫോഴ്സിലും അറിയിക്കുകയായിരുന്നു. തളിപ്പറന്പ്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും കണ്ണപുരം പോലീസും മണിക്കൂറുകൾ പരിശ്രമിച്ചാണ് തീയണച്ചത്.