രത്നഗിരിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവം: മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍
Wednesday, August 28, 2024 10:49 AM IST
മുംബൈ: മഹാരാഷ്ട്ര രത്നഗിരിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതിനിടെ ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് രത്നഗിരിയിലെ ജില്ലാ ആശുപത്രി താത്കാലികമായി അടച്ചു.
നാലു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ജോലി പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. ശീതള പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പോലീസിന് ആദ്യം നല്കിയ മൊഴി.
ബോധം തിരിച്ചുകിട്ടിയപ്പോള്‍ ചമ്പക് മൈദാന് സമീപത്തെ വിജനമായ പ്രദേശത്തായിരുന്നു താനെന്നും യുവതി പറഞ്ഞു. പരിശോധനയില്‍ ശാരീരിക പിഡനത്തിനിരയായിട്ടുണ്ടെന്ന് വ്യക്തമായി. ഡ്രൈവറെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും ആശുപത്രി പരിസരത്ത് സ്ഥിരമായി കാണുന്ന ആളല്ലെന്നും യുവതി പോലീസിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ഥിനിയുടെ മൊഴിയിലെ പൊരുത്തക്കേട് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി എന്നാണ് ആദ്യം പറഞ്ഞത്. എന്തോ സ്പ്രേ ചെയ്ത് ബോധം കെടുത്തി എന്നാണ് പിന്നീട് പറഞ്ഞതെന്ന് പോലീസ് പറയുന്നു.