ഭർത്താവിന്റെ നിരന്തര പീഡനം; യുവ വനിതാഡോക്ടർ ജീവനൊടുക്കി
Wednesday, August 28, 2024 6:59 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ഭർത്താവിന്റെ പീഡനത്തിൽ മനംനൊന്ത് നവവധുവായ ഡോക്ടർ ജീവനൊടുക്കി. ഛത്രപതി സംഭാജിനഗർ നഗരത്തിലാണ് സംഭവം. പ്രത്യക്ഷ ഭൂസാരേ(26) ആണ് മരിച്ചത്. വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
അഞ്ച് മാസം മുമ്പ് വിവാഹിതയായ പ്രതീക്ഷാ ഭൂസാരേ, ഛത്രപതി സംഭാജിനഗറിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു.
പ്രത്യക്ഷ എഴുതിയ ഏഴ് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പിൽ തന്റെ മരണത്തിന് കാരണക്കാരൻ ഭർത്താവാണെന്ന് പ്രത്യക്ഷ ആരോപിക്കുന്നു. കൂടാതെ ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനത്തെക്കുറിച്ചും കുറിപ്പിൽ എഴുതിയിട്ടുണ്ട്.
സംഭവത്തിൽ സ്ത്രീധന പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഭർത്താവിനെതിരെ സിഡ്കോ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
റഷ്യയിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ യുവതിയുടെ ഭർത്താവ്, പുതിയ ആശുപത്രി തുടങ്ങാൻ ആഗ്രഹിച്ചിരുന്നുവെന്നും തങ്ങളുടെ പക്കൽ നിന്നും പണം വാങ്ങണമെന്ന് ആവശ്യപ്പെട്ട് മകളെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും യുവതിയുടെ മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. ഈ വർഷം മാർച്ച് 27 നാണ് ഇരുവരും വിവാഹിതരായത്.