ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്; കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്
Tuesday, August 27, 2024 5:38 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുക, മന്ത്രി സജി ചെറിയാന് രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 29ന് കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റുകൾക്കു മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.
പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കളക്ടറേറ്റിനു മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവർ പങ്കെടുക്കും.
സെപ്റ്റംബര്‍ രണ്ടിന് യുഡിഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ 29ന് പ്രതിഷേധ കൂട്ടായ്മ ഉണ്ടാകില്ലെന്നും എം.ലിജു അറിയിച്ചു.