മുകേഷിന്റെ രാജിക്കു മുറവിളി; കൊല്ലത്ത് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ
Tuesday, August 27, 2024 2:26 PM IST
കൊല്ലം: ലൈംഗിക ആരോപണത്തിനു പിന്നാലെ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കുന്നു. മഹിളാ കോൺഗ്രസ്, യുവമോർച്ച, യൂത്ത് കോൺഗ്രസ്, ആർഎസ്പി തുടങ്ങിയ സംഘടനകൾ മുകേഷിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ച് കഴിഞ്ഞു.
ആർവൈഎഫ് ബുധനാഴ്ച മുകേഷിന്റെ ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്തും. മുകേഷിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ മുകേഷിന്റെ ഓഫീസിന് മുന്നിലും പട്ടത്താനത്തെ വസതിക്ക് മുന്നിലും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്ക് സിപിഎം ജില്ലാ നേതൃത്വം ഇതുവരെ മറുപടി പറയാൻ തയാറായിട്ടില്ല. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകൾക്കും മിണ്ടാട്ടമില്ല.
മുകേഷ് രാജിവയ്ക്കേണ്ട സാഹചര്യമില്ല എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ കൂടുതൽ പരസ്യ പ്രതികരണം നടത്തേണ്ടതില്ല എന്നാണ് ജില്ലാ നേതാക്കൾ പറയുന്നത്. ആരോപണങ്ങൾക്ക് മുകേഷ് തന്നെ മറുപടി പറഞ്ഞ് കഴിഞ്ഞു. കൂടുതൽ വിശദീകരണം വേണമെങ്കിലും എംഎൽഎ തന്നെ നൽകുമെന്നുമാണ് ജില്ലാ നേതൃത്വം വ്യക്തമാക്കുന്നത്
സിപിഐയും ഈ വിഷയത്തിൽ ബോധപൂർവമായ മൗനം പാലിക്കുകയാണ്. ആരോപണം അവർ കാര്യമായി എടുത്തിട്ടില്ല എന്ന സൂചനയാണ് അവരുടെ നേതാക്കൾ രഹസ്യമായി പങ്കുവയ്ക്കുന്നത്. പരസ്യ പ്രതികരണത്തിന് അവരും തയാറല്ല. എന്നാൽ ജില്ലാതല എൽഡിഎഫ് യോഗം ചേരുമ്പോൾ അഭിപ്രായം പറയും എന്നും നേതാക്കൾ സൂചിപ്പിച്ചു. അതേസമയം, മുകേഷിന് എതിരായി ലൈംഗികാരോപണം വന്നതോടെ ജില്ലയിൽ ഇടതുമുന്നണിയുടെ പ്രതിഛായയ്ക്ക് മങ്ങൽ ഏറ്റിട്ടുണ്ടെന്നു ഘടകക്ഷികൾ വിലയിരുത്തുന്നു.