സ്വർണത്തട്ടിപ്പ്: വടകര ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കും
Monday, August 26, 2024 3:41 PM IST
വടകര: കോടിക്കണക്കിനു രൂപയുടെ സ്വർണത്തട്ടിപ്പ് നടന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിലെ നശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങള് പോലീസ് ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
ഇതോടൊപ്പം സ്വർണം പണയം വയ്ക്കാൻ പ്രതിയായ മുൻ മാനേജർ മധ ജയകുമാറിനു (34) സഹായം ചെയ്ത മറ്റൊരു തമിഴ്നാട് സ്വദേശിക്കായി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മുൻ ബ്രാഞ്ച് മാനേജർ മധ ജയകുമാറിന് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ സ്വർണം പണയപ്പെടുത്താൻ സഹായം ചെയ്തത് ബാങ്കിലെ കരാർ ജീവനക്കാരൻ കാർത്തിക് എന്നയാളാണെന്ന് ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞിട്ടുണ്ട്.
പണയപ്പെടുത്തിയ സ്വർണം വീണ്ടെടുക്കാൻ തിരുപ്പൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തെ വെട്ടിച്ച് കാർത്തിക് കടന്നുകളയുകയായിരുന്നു. തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്താനാണ് ശ്രമം. ഇയാളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയിൽ 20 ബിനാമി അക്കൗണ്ടുകളിലൂടെയാണ് സ്വർണം പണയപ്പെടുത്തി പണം പിൻവലിച്ചത്. കാർത്തിക്കിന്റെ സഹായത്തോടെ പലരുടെയും പേരിലാണ് ബാങ്കിൽ സ്വർണം പണയപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഇന്നു വൈകുന്നേരം അഞ്ചിനു മുന്പായി പ്രതിയെ പോലീസ് കോടതിയിൽ തിരികെ ഹാജരാക്കും. ബാക്കി സ്വർണം കൂടി കണ്ടെത്തുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ നൽകാൻ ഒരുങ്ങുന്നതായാണ് സൂചന. 26.24 കിലോ പണയ സ്വർണമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നു പ്രതി തട്ടിയെടുത്തത്.