തൃശൂർ മൃഗശാലയിൽനിന്ന് മാറ്റിയത് 38 ജീവികളെ;10 എണ്ണം ചത്തു
Monday, August 26, 2024 3:32 PM IST
തൃശൂർ: തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ അഞ്ചു പക്ഷികൾകൂടി ചത്തെന്നു വിവരാവകാശ രേഖ. മൃഗശാലയിൽനിന്ന് 36 പക്ഷികളെയും രണ്ടു പന്നിമാനുകളെയുമാണ് മാറ്റിയത്.
ഇതിൽ നാലു വെള്ളിമൂങ്ങളും ഒരു പന്നിമാനും അടക്കം പത്തു ജീവികൾ ചത്തു. പ്രായാധിക്യത്താലുള്ള അവശതയാണു കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നു പാർക്ക് അധികൃതർ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ ഒരു പന്നിമാനും നാലു പക്ഷികളും ചത്തിരുന്നു. വിവരം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താൽ പാർക്ക് ഡയറക്ടറെ സ്ഥലംമാറ്റി.
പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് വിവരാവകാശം നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്സർവേറ്ററിൽനിന്ന് ഏറ്റവുമൊടുവിൽ ചത്ത പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
ഒരു പന്നിമാനിനു പുറമെ രണ്ട് മോതിരതത്ത, വൻതത്ത, ചുക്കർ പാർട്രിഡ്ജ്, വെള്ളിക്കോഴി, നാലു വെള്ളിമൂങ്ങ എന്നിവയാണ് ഇതുവരെ ചത്തത്. തൃശൂരിൽനിന്ന് പിന്നീടിതുവരെ ജീവികളെ മാറ്റിയിട്ടില്ല. പാർക്കിലേക്ക് ജീവികളെ മാറ്റാൻ താത്കാലികമായി നൽകിയ അംഗീകാരത്തിന്റെ കാലാവധി അവസാനിച്ചതോടെ സെൻട്രൽ സൂ അഥോറിട്ടി വീണ്ടും സമയം അനുവദിച്ചിട്ടുണ്ട്.
ഇക്കാലയളവിൽ പരമാവധി മൃഗങ്ങളെ പുത്തൂരിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. 60 ജീവനക്കാരാണ് പുത്തൂരിലുള്ളത്. ഇതിൽ 39 പേർ താത്കാലിക തൊഴിലാളികളാണ്. പാർക്കിന് കിഫ്ബി അനുവദിച്ച 269.75 കോടി രൂപയിൽ 206.52 കോടി രൂപ ചെലവഴിച്ചു.
സംസ്ഥാന ഫണ്ടിന്റെ 30.86 കോടിയിൽ 30.50 കോടി രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖയിലുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽനിന്ന് പിടികൂടിയ നാല് കടുവകളും ഒരു പുള്ളിപ്പുലിയും പുത്തൂരിലുണ്ട്.