തിരുവനന്തപുരത്ത് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍
Monday, August 26, 2024 12:43 PM IST
തിരുവനന്തപുരം: നെയ്യാറ്റിന്‍കര അവണാകുഴിയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ദിനേശ് കുമാർ എന്നയാൾക്കാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെട്ടേറ്റത്.
സംഭവത്തില്‍ കോട്ടുകാല്‍ പെരിങ്ങോട്ടുകോണം സ്വദേശി തമ്പി എന്ന് വിളിക്കുന്ന അനന്തു (23), വെണ്‍പകല്‍ സ്വദേശി അഭിജിത്ത് (25), വെണ്‍പകല്‍ ചൂണ്ടവിളാകം സ്വദേശി അനന്തു (19) എന്നിവരാണ് പോലീസ് പിടിയിലായത്.
പ്രതികള്‍ ഓട്ടോയില്‍ ചാരി നിന്നത് ദിനേശ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് വിവരം. തുടര്‍ന്ന് ഓട്ടോറിക്ഷ അടിച്ചു തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച ഡ്രൈവറെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
കാഞ്ഞിരംകുളം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ നിരവധി അടിപിടി കേസുകളില്‍ പ്രതികളാണ് ഇവര്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ദിനേശ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.