വിദ്യാർഥിയെ വീട്ടിൽക്കയറി മർദിച്ചു; എഎസ്ഐയ്ക്ക് സസ്പെൻഷൻ
Sunday, August 25, 2024 4:36 PM IST
പാലക്കാട്: ആളുമാറി വിദ്യാർഥിയെ വീട്ടിൽക്കയറി മർദിച്ച എഎസ്ഐയെ സസ്പെന്ഡ് ചെയ്തു. പട്ടാമ്പിയിൽ നടന്ന സംഭവത്തിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിന്റെ ചുമതലയുള്ള എഎസ്ഐ ജോയ് തോമസിനെയാണ് സസ്പെന്ഡ് ചെയ്തത്.
എഎസ്ഐയുടെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയെന്ന് തൃശൂർ റേഞ്ച് ഡിഐജി ഇറക്കിയ ഉത്തരവിൽ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പോലീസുകാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലാത്ത നടപടിയാണ് എഎസ്ഐയിൽ നിന്നുണ്ടായതെന്ന് ഡിവൈഎസ്പിയുടെ റിപ്പോർട്ടിലുണ്ടായിരുന്നു. സംഭവം നടന്ന ഉടനെ ജോയ് തോമസിനെ പറമ്പിക്കുളത്തേക്ക് സ്ഥലംമാറ്റിയിരുന്നു.