നടപടി അനിവാര്യമായിരുന്നു; അഗ്നിശുദ്ധി നടത്തി രഞ്ജിത്ത് തിരികെ വരട്ടെ: വിനയൻ
Sunday, August 25, 2024 12:19 PM IST
കൊച്ചി: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് സംവിധായകന് രഞ്ജിത്ത് രാജിവച്ചത് അനിവാര്യമായിരുന്നുവെന്ന് സംവിധായകൻ വിനയൻ. വലിയൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വരുമ്പോള്‍ സ്ഥാനം ഒഴിഞ്ഞു മാറി നിന്ന് അന്വേഷണം നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യമെന്നും വിനയൻ കൂട്ടിച്ചേർത്തു.
പക്ഷേ ഇപ്പോള്‍ ആരോപണത്തിനെതിരേ പിടിച്ചുനില്ക്കാന് ശ്രമിച്ചുവെന്ന തോന്നല്‍ ജനത്തിനുണ്ട്. അത് പാടില്ലായിരുന്നുവെന്നാണ് തന്റെ അഭിപ്രായം. ഇതിനുമുമ്പ് താൻ അദ്ദേഹത്തിന്റെ ചെയ്തികള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. അത് ഇതിലും വളരെ ഗൗരവതരമാണെന്നാണ് തന്റെ വിശ്വാസമെന്നും വിനയന് മാധ്യമങ്ങളോട് പ്രതികരിച്ചു.
പുരസ്കാര ദാനവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിന് മുന്‍പ് താന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ല, രഞ്ജിത്ത് ഒരു ഇതിഹാസമെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം.
ഒരു അക്കാദമി ചെയര്മാന് ചെയ്യേണ്ട സത്യസന്ധതയേയാണ് അദ്ദേഹം ലംഘിച്ചത്. ഇപ്പോള്‍ അദ്ദേഹത്തെ കുത്തിപ്പറയുന്നതൊന്നുമല്ല, അദ്ദേഹം പോയി അന്വേഷണം നേരിട്ട് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെയെന്നും വിനയന് കൂട്ടിച്ചേര്‍ത്തു.