നടി പരാതിയുമായി വന്നാല്‍ പിന്തുണ നല്‍കും: മന്ത്രി വീണ
Saturday, August 24, 2024 11:18 AM IST
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണമുന്നയിച്ച നടി പരാതിയുമായി വന്നാല്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും മന്ത്രി പ്രതികരിച്ചു.
നടി പരാതി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ട ക്രമീകരണം ഒരുക്കും. തെറ്റ് ചെയ്ത ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ല.
അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടിയെടുക്കാന്‍ കഴിയൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് ബംഗാളി നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി.
സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല.
ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞിരുന്നു.