മാനസിക വൈകല്യമുള്ള യുവതിക്ക് പീഡനം; അഞ്ച് പേർ പിടിയിൽ
Saturday, August 24, 2024 1:20 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മാനസിക വൈകല്യമുള്ള 27 കാരിയെ പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാഗ്ഭിദ് തഹസിൽ ഓഗസ്റ്റ് 12ന് രാത്രിയാണ് സംഭവം. യുവതിയെ പീഡിപ്പിച്ചതിന് ഹരിനാരായണൻ മാൻരെ എന്നയാളെയും വീഡിയോ ചിത്രീകരിച്ചതിന് മറ്റുനാലു പേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ 17കാരനും ഉൾപ്പെടുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് നാഗ്ഭിദ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.