ഗുസ്തി താരങ്ങളുടെ സുരക്ഷ: വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്
Friday, August 23, 2024 1:11 PM IST
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന് മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരേ കോടതിയില്‍ മൊഴി കൊടുക്കേണ്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സുരക്ഷ പിന്‍വലിച്ചെന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്.
സുരക്ഷ പിന്‍വലിച്ചതല്ലെന്നും നിലവില്‍ ഹരിയാനയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനാല്‍, അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നും ഡൽഹി പോലീസ് വിശദീകരിച്ചു.
കഴിഞ്ഞ ദിവസമാണ് വിനേഷ് ഫോഗട്ട് ഡൽഹി പോലീസിനെതിരേ ആരോപണം ഉന്നയിച്ചത്. സാമൂഹ്യ മാധ്യമമായ എക്സിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ബ്രിജ്ഭൂഷണെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളിൽ നേരത്തെ ഗുസ്തി താരങ്ങൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. ഇതിൽ മുൻനിരയിൽ നിന്ന് പോരാടിയിരുന്ന താരമാണ് വിനേഷ് ഫോഗട്ട്.
നേരത്തെ പാരീസ് ഒളിമ്പിക്ക്സിൽ വിനേഷിന്റെ മെഡൽ നഷ്ടം വലിയ വിവദങ്ങൾക്കിടയാക്കിയിരുന്നു. 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് വിനേഷ് അയോഗ്യയാക്കപ്പെട്ടിരുന്നു.