ട്രംപിന് നേരെ വധഭീഷണി; അരിസോണ സ്വദേശിക്കായി പോലീസ് അന്വേഷണം
Friday, August 23, 2024 6:57 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കൊല്ലുമെന്ന് സോഷ്യൽ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ അരിസോണ സ്വദേശിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. റൊണാൾഡ് ലീ സിവ്രൂഡ് (66) എന്നയാളെയാണ് അന്വേഷിക്കുന്നത്.
യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ നോമിനിയായ ഡൊണാൾഡ് ട്രംപ്, തന്റെ പ്രചാരണത്തിന്റെ ഭാഗമായി മെക്സിക്കോയുമായുള്ള യുഎസ് അതിർത്തി പ്രദേശമായ കൊച്ചിസ് കൗണ്ടി സന്ദർശിക്കുന്നതിനിടെയാണ് ഭീഷണിയുണ്ടായത്.
റൊണാൾഡ് ലീ സിവ്രൂഡ് എന്നയാൾക്ക് വിസ്കോൺസിനിൽ നിന്ന് ഒന്നിലധികം വാറന്റുകളുണ്ടെന്ന് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
നവംബർ അഞ്ചിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥികൾക്കെതിരെയുണ്ടാകുന്ന ഭീഷണികളുടെ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇത്.
ഓഗസ്റ്റ് ആദ്യം, ട്രംപിന്റെ എതിരാളിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെ ഭീഷണിപ്പെടുത്തിയതിന് ഒരു വിർജീനിയക്കാരനെതിരെ കുറ്റം ചുമത്തിയിരുന്നു.
ജൂലൈയിൽ, ട്രംപിനു നേരെ വധശ്രമമുണ്ടായിരുന്നു. സംഭവത്തിൽ ട്രംപിന്റെ ചെവിയിൽ പരിക്കേറ്റു. ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.