വിയറ്റ്നാമിലെ വനത്തിൽ കാണാതായ കുട്ടിയെ ജീവനോടെ കണ്ടെത്തി
Friday, August 23, 2024 1:13 AM IST
ഹനോയ്: വടക്കൻ വിയറ്റ്നാമിലെ പർവതപ്രദേശത്തുള്ള വനത്തിൽ നാലു ദിവസമായി കാണാതായ ആറുവയസുകാരനെ ജീവനോടെ കണ്ടെത്തി. ശനിയാഴ്ച യെൻ ബായ് പ്രവിശ്യയിലെ ബന്ധുവീട്ടിലെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് കാണാതായത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലാം ജിയാംഗ് കമ്യൂണിലെ പോലീസ് തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 200-ലധികം ആളുകൾ ആൺകുട്ടിക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. തുടർന്ന് കുട്ടിയെ ബുധനാഴ്ചയാണ് കണ്ടെത്തിയത്.
കണ്ടെത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നു. രക്ഷാപ്രവർത്തകർ കുട്ടിക്ക് കഴിക്കാൻ ഭക്ഷണം നൽകിയെന്നും കുട്ടി നിലവിൽ സുഖമായിരിക്കുന്നുവെന്നും പോലീസ് അറിയിച്ചു. കാട്ടിൽ നിന്നും ഒരാൾ കുട്ടിയുടെ കരച്ചിൽ കേട്ടുവെന്നും തെരഞ്ഞ് ചെന്നപ്പോൾ കുട്ടി ചെളിയിൽ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു.