മയക്കുമരുന്ന് കേസിലെ പ്രതികളെ വിട്ടയക്കാൻ ലക്ഷങ്ങൾ കൈക്കൂലി; പോലീസുകാരന് സസ്പെൻഷൻ
Friday, August 23, 2024 12:47 AM IST
ലക്നോ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതികളെ സംരക്ഷിക്കുന്നതിന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടർ സസ്പെൻഷനിൽ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ 9.96 ലക്ഷം രൂപ കണ്ടെടുത്തു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ മോചിപ്പിക്കാൻ ഫരീദ്പൂർ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർ രാംസേവക് കൈക്കൂലി വാങ്ങിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു.
എൻഡിപിഎസ് ആക്ട് കേസിൽ പ്രതികളായ ആലം, നിയാസ് അഹമ്മദ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ പോലീസ് ഇൻസ്പെക്ടർ ഏഴ് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.
ഫരീദ്പൂർ സർക്കിൾ ഓഫീസർ ഗൗരവ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇൻസ്പെക്ടറുടെ വസതിയിൽ നിന്നാണ് പണം കണ്ടെത്തിയത്. ഇൻസ്പെക്ടർ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ ന്യായ സൻഹിതയിലെ പ്രസക്തമായ വകുപ്പുകളും 1988 ലെ അഴിമതി നിരോധന നിയമത്തിന്റെ 7, 13 വകുപ്പുകളും പ്രകാരം രാംസേവക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് മേധാവി പറഞ്ഞു.
ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്, ഇയാളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അന്വേഷണം തുടരുന്നതിനനുസരിച്ച് തുടർ നിയമനടപടികൾ തുടരുമെന്ന് എസ്എസ്പി പറഞ്ഞു.