നരേന്ദ്ര മോദിക്ക് പോളണ്ടിൽ ഊഷ്മള വരവേൽപ്പ്
Wednesday, August 21, 2024 7:34 PM IST
ന്യൂഡൽഹി: പോളണ്ട് സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്. വാഴ്സോയിലെ സൈനിക വിമാനത്താവളത്തിലെത്തിയ മോദിയെ ഗാർഡ് ഓഫ് ഓണർ നൽകി പോളിഷ് സേന സ്വീകരിച്ചു.
45 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 -ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ സന്ദർശനം. ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിലും മോദി പങ്കെടുക്കും.
തുടർന്ന് പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് ട്രെയിൻ മാർഗം മോദി കീവിൽ എത്തും. റഷ്യ - യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി ഇന്ത്യയിൽ നിന്ന് തിരിക്കും മുമ്പ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.