വനിതാ ഡോക്ടറുടെ കൊലപാതകം; ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു
Wednesday, August 21, 2024 5:15 PM IST
ന്യൂഡൽഹി : കോൽക്കത്തയിലെ ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കുന്നു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടും ഡോക്ടർമാർ സമരം തുടരുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായി കോൽക്കത്തയിലെ വിവിധ മെഡിക്കൽ കോളജുകളിലെ ആയിരക്കണക്കിന് ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അതേസമയം മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ തുടർച്ചയായി ആറാം ദിവസവും സിബിഐ ചോദ്യം ചെയ്യുകയാണ്.
പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ആർ.ജി.കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു. ഡൽഹിയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് റസിഡന്റ് ഡോക്ടർമാരുടെ സമരം തുടരുകയാണ്.
സുപ്രീംകോടതി നിയോഗിച്ച ദേശീയ കർമ സമിതിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണം എന്നും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ഓർഡിനൻസ് ഉടൻ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.