ബംഗ്ലാദേശ് ജയിലിൽ 36 വർഷത്തെ തടവ്; ത്രിപുര സ്വദേശി ജന്മനാട്ടിൽ മടങ്ങിയെത്തി
Wednesday, August 21, 2024 1:55 AM IST
അഗർത്തല: ബംഗ്ലാദേശ് ജയിലിൽ 36 വർഷത്തെ തടവ്ശിക്ഷ അനുഭവിച്ച ശേഷം 62 കാരനായ ഇന്ത്യക്കാരൻ ചൊവ്വാഴ്ച ത്രിപുരയിൽ തിരിച്ചെത്തി.
ബംഗ്ലാദേശ് പോലീസും ബോർഡർ ഗാർഡ് ബംഗ്ലാദേശും (ബിജിബി) ബിലാഷ് എന്ന ഷാജഹാൻ മിയയെ കൈമാറിയതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബോർഡർ സെക്യൂരിറ്റി ഫോഴ്സും (ബിഎസ്എഫ്) ത്രിപുര പോലീസും ശ്രീമന്തപൂർ - ബിബിർ ബസാർ (ബംഗ്ലാദേശ്) ചെക്ക് പോസ്റ്റിൽ വച്ചാണ് ഷാജഹാനെ സ്വീകരിച്ചത്.
1988ൽ ബംഗ്ലാദേശിലെ കൊമില്ല ജില്ലയിലുള്ള മാമനെ സന്ദർശിക്കാൻ പാസ്പോർട്ടോ സാധുവായ രേഖകളോ ഇല്ലാതെയാണ് ഷാജഹാൻ മിയ ബംഗ്ലാദേശിലേക്ക് പോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷാജഹാൻ മിയയെ ബംഗ്ലാദേശ് പോലീസ് അതിക്രമിച്ച് കടന്നയാളെന്ന് മുദ്രകുത്തി കള്ളക്കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയുമായിരുന്നു. 11 വർഷത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ശിക്ഷയുടെ കാലാവധി കഴിഞ്ഞിട്ടും അദ്ദേഹത്തെ മോചിപ്പിക്കാൻ ബംഗ്ലാദേശ് തയാറായില്ല.
അഗർത്തല ആസ്ഥാനമായുള്ള ഒരു ഫൗണ്ടേഷനാണ് ഷാജഹാന്റെ മോചനത്തിന് വഴിയൊരുക്കിയത്. ഇന്ത്യയിലെത്തിയ ഷാജഹാൻ സെപാഹിജാല ജില്ലയിലെ സോനമുറ സബ് ഡിവിഷനിലെ അതിർത്തിയിലുള്ള ദുർഗാപൂരിലെ വീട്ടിലേക്ക് മടങ്ങി.