ബംഗളൂരുവിൽ ടെക്കി ഹീലിയം വാതകം ശ്വസിച്ച് ജീവനൊടുക്കി
Wednesday, August 21, 2024 1:18 AM IST
ബംഗുളൂരു: കർണാടകയിലെ പ്രമുഖ ഐടി കമ്പനിയിലെ ടെക്കി ഹീലിയം വാതകം ശ്വസിച്ച് ജീവനൊടുക്കി. ബംഗളൂരുവിലാണ് സംഭവം.
ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിയായ യാഗ്നിക്(24) ആണ് മരിച്ചത്. ബംഗളൂരുവിലെ നീലാദ്രി നഗറിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ഓഗസ്ത് 16 ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത യാഗ്നിക്, ബലൂണുകളിൽ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. യാഗ്നിക് ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും കുറച്ച് മാസങ്ങളായി വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചതായും പോലീസ് പറഞ്ഞു.
എംടെക് പരീക്ഷ എഴുതുന്നതിനായാണ് ഇയാൾ ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തത്. പീനിയ പ്രദേശത്ത് നിന്നുമാണ് ഇയാൾ ഹീലിയം ഗ്യാസ് കണ്ടെയ്നർ വാങ്ങി ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് ഹീലിയം വാതകം ശ്വസിച്ച് ഇയാൾ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
യാഗ്നിക്കിനെ ഹോട്ടൽ ജീവനക്കാരാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ഡിസിപി സാറാ ഫാത്തിമ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്നും ഡിസിപി വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സെന്റ് ജോൺസ് ആശുപത്രിയിലേക്ക് മാറ്റി.