ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു; കോർപ്പറേഷന്റെ ശിപാർശയ്ക്ക് സർക്കാർ അംഗീകാരം
Tuesday, August 20, 2024 4:48 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മങ്ങി മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുന്നതിനുള്ള കോർപ്പറേഷന്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി കോർപറേഷനാണ് ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകുക.
വീട് നിർമിക്കുന്നതിനായി മൂന്ന് സെന്റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി നൽകണം. ജോയിയുടെ അമ്മയ്ക്ക് വീട് വാഗ്ദാനംചെയ്ത് കോർപ്പറേഷൻ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷം രൂപ കേരള സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജൂലൈ 13 ന് രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ജോയിയെ കാണാതായത്. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.