കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച സംഭവം; പ്രതി സഞ്ചരിച്ച കാർ കസ്റ്റഡിയിൽ
Tuesday, August 20, 2024 9:28 AM IST
കോഴിക്കോട്: മാങ്കാവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ യുവാവ് മര്‍ദിച്ച സംഭവത്തില്‍ പ്രതി സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്ത് പോലീസ്. അക്രമം നടത്തിയ യുവാവിനെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇയാളെ ഉടനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. ഇയാൾ കുറ്റിക്കാട്ടൂര്‍ സ്വദേശിയാണെന്നാണ് വിവരം.
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു ഡ്രൈവറെ യുവാവ് മര്‍ദിച്ചത്. സുഹൃത്തിന്റെ കാറില്‍ കുടുംബത്തിനൊപ്പം സഞ്ചരിക്കുന്നതിനിടെയായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്.
തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ബസിനെ ഓവര്‍ടേക്ക് ചെയ്ത് തടഞ്ഞ് നിര്‍ത്തിയ ശേഷം ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.