മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സംഭവം തമിഴ്നാട്ടിൽ
Monday, August 19, 2024 12:15 PM IST
ധർമപുരി: തമിഴ്നാട്ടില്‍ മകന് ഗൗണ്ടര്‍ വിഭാഗത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വിവാഹത്തിന് വീട്ടുകാർ എതിർത്തതോടെ ഇരുവരും ഒളിച്ചോടിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ക്രൂരത.
തമിഴ്നാട് ധര്‍മപുരിയില്‍ ഓഗസ്റ്റ് 14- നാണ് സംഭവം. ഇരുവരും ഒളിച്ചോടിയതറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് യുവാവിന്റെ പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോഴായിരുന്നു അമ്മയ്ക്ക് നേരെ അതിക്രമം നടത്തിയത്.
ഇവരെ വിവസ്ത്രയാക്കി അപമാനിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാട്ടിനുള്ളിൽ കൊണ്ടുപോയി മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി.
സംഭവത്തിന് ശേഷം പരാതി നൽകിയെങ്കിലും ആദ്യം പോലീസ് കേസെടുക്കാൻ തയാറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.