മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
Monday, August 19, 2024 11:39 AM IST
ലണ്ടൻ: നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ സാറ ഐപ്പ്( 39) ആണ് മരിച്ചത്.
വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്നു സോണിയ. കാലിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് 10 ദിവസം മുന്പാണ് ഇവർ നാട്ടിൽ പോയത്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് തിരികെ യുകെയിൽ എത്തിയത്. തുടർന്ന് ഒരുമണിക്കൂറിന് ശേഷം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ചിങ്ങവനം വലിയപറമ്പിൽ അനിൽ ചെറിയാനാണ് ഭർത്താവ്. ലിയ, ലൂയിസ് എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട്.