നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
Monday, August 19, 2024 7:10 AM IST
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെയുള്ള നടി രഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് പുറത്തുവിടാമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് നടി ഹര്‍ജി നൽകിയത്.
കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളില്‍ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമാണ് നടിയുടെ ആവശ്യം. പ്രത്യേകാനുമതിയിലൂടെയാണ് ഡിവിഷന് ബെഞ്ച് കഴിഞ്ഞ ദിവസം പ്രാഥമികവാദം കേട്ടത്.
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നിലപാടില്ലെന്ന് നടി രഞ്ജിനി വ്യക്തമാക്കിയിരുന്നു.താന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ല. കോടതിയെ മാത്രമാണ് സമീപിച്ചത്. അതിന് തനിക്ക് നിയമപരമായ അവകാശമുണ്ട്. എന്റെ വാദം കൂടി കേട്ട ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ തീരുമാനമെടുക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യമാണ്.' രഞ്ജിനി പറഞ്ഞു.
റിപ്പാര്‍ട്ടിന്റെ ഒരു കോപ്പി തങ്ങളുടെ കൈയ്യിലില്ല. ഡബ്ല്യുസിസിയും വനിതാ കമ്മീഷനും ഇതിന്റെ കോപ്പി ചോദിക്കുമെന്ന് കരുതി. എന്നാല്‍ ആരും അക്കാര്യം ആവശ്യപ്പെട്ടില്ല. അത് അറിഞ്ഞപ്പോഴാണ് താന്‍ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.