മന്ത്രി വീണയുടെ ഭർത്താവിനെതിരായ ആരോപണം; സിപിഎം നേതാവിന് പാർട്ടിയുടെ താക്കീത്
Sunday, August 18, 2024 10:10 AM IST
പത്തനംതിട്ട∙ മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ.ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്.
റോഡ് നിര്‍മ്മാണത്തിനിടെ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് കടയുടെ മുന്നിലെ ഓടയുടെ ഗതി മാറ്റിയതായി ശ്രീധരൻ മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓട നിർമാണത്തിന്റെ ഗതിമാറ്റിയെന്നാണ് ആരോപണം.
ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ നടപടിയെടുക്കണമെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന നേതൃത്വം ഇതിന് തയാറായിരുന്നില്ല.
ജോര്‍ജ് ജോസഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊടുമണ്‍ പൊലീസ് സ്റ്റേഷനു സമീപമുള്ള കെട്ടിടം. ഇത് സംരക്ഷിക്കാൻ സംസ്ഥാനപാതയുടെ ഓടയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയതായി കോൺഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്നായിരുന്നു ആക്ഷേപം.