വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി
Sunday, August 18, 2024 6:49 AM IST
കല്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പുതുക്കി. 119 പേരെയാണ് പുതുക്കിയ പട്ടിക അനുസരിച്ച് കണ്ടെത്താനുള്ളത്.
ആദ്യം തയ്യാറാക്കിയ പട്ടികയില്‍ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎന്‍എ ഫലം കിട്ടിത്തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം വീണ്ടും കുറഞ്ഞത്.
ഡിഎന്‍എ വിവരങ്ങള്‍ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കാണാതായവരുടെ അടുത്ത ബന്ധുക്കളുടെ രക്തസാമ്പിളുകളുടെ വിവരങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്ന നടപടി ആണ് ഇനി പൂര്‍ത്തീകരിക്കാന്‍ ബാക്കി ഉള്ളത്.
ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ട വാഹനങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പ് ശേഖരിക്കുന്നു. പൂര്‍ണ്ണമായി നഷ്ടപ്പെട്ട വാഹനങ്ങള്‍, ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങള്‍ എന്നീ വിവരങ്ങളാണ് ശേഖരിക്കുന്നത്
ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ ചൊവ്വാഴ്ചയോടെ വാടക വീടുകളിലേക്ക് മാറ്റാനും നിലവില്‍ ക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അധ്യയനം തുടങ്ങാനുമാണ് സര്‍ക്കാര്‍ ആലോചന. 10 സ്കൂളുകളാണ് നിലവില്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആയി പ്രവര്‍ത്തിക്കുന്നത്.
വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലും സൂചിപ്പാറ ചാലിയാര്‍ പുഴയുടെ തീരങ്ങളിലും തെരച്ചില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്ന തെരച്ചിലില്‍ മൃതദേഹങ്ങളോ മൃതദേഹഭാഗങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.