കൊച്ചിയിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന: ആയുധങ്ങൾ പിടികൂടി; ആറു പേർ കസ്റ്റഡിയിൽ
Saturday, August 17, 2024 10:51 PM IST
എറണാകുളം: കൊച്ചിയിലെ ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടികൂടി. സംഭവത്തിൽ ആറു പേർ പിടിയിലായിട്ടുണ്ട്. മരട് സ്റ്റാച്യൂ ജംഗ്ഷനിലെ രണ്ട് ഹോട്ടലുകളിലായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഹോട്ടലിൽ നിന്ന് സംശയാസ്പദമായ പശ്ചാത്തലമുള്ള ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു ഹോട്ടലിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്ന് ഒരു തോക്കും പെപ്പർ സ്പ്രേയും കത്തിയും കണ്ടെടുത്തു.
തിരുവനന്തപുരം സ്വദേശി ആഷ്ലി പോലീസ് എത്തിയതറിഞ്ഞ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പിടിയിലായവരിൽ മൂന്നു പേർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു.
ഗുണ്ടകളുടെ മീറ്റ് അപ്പ് പാർട്ടി നടക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ സിനിമാ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട കൂട്ടായ്മയാണ് നടന്നതെന്നാണ് കസ്റ്റഡിയിലുള്ളവർ പറയുന്നത്.